ദൈവത്തിന്റെ വീണ്ടെടുപ്പിന് പാകമായത്
ഒരു സുഹൃത്തിന്റെ മൊബൈലിൽ നിന്ന് അയച്ച ചിത്രങ്ങൾ അതിശയിപ്പിക്കുന്നതായിരുന്നു! ഭാര്യയ്ക്ക് സമ്മാനമായി കൊടുത്ത ഒരു പുതുക്കിപ്പണിത ആഡംബര കാറിന്റെ ചിത്രങ്ങൾ! തിളങ്ങുന്ന, കടും നീല പുറംഭാഗം; തിളങ്ങുന്ന ക്രോം റിമ്മുകൾ; പുതുക്കി അപ്ഹോൾസ്റ്റേർ ചെയ്ത ബ്ലാക്ക് ഇന്റീരിയർ; മറ്റ് പലതും. അതേ വാഹനത്തിന്റെ "പഴയ" ചിത്രങ്ങളും ഉണ്ടായിരുന്നു- മുഷിഞ്ഞ, തേഞ്ഞ, ആകർഷണീയമല്ലാത്ത മഞ്ഞ കാർ. എന്നാൽ, ഫാക്ടറിയിൽ നിന്ന് ആ കാർ, പുതുതായി ഇറങ്ങിയപ്പോൾ, അത് കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. എന്നാൽ കാലം കഴിഞ്ഞപ്പോൾ അത് പഴകുകയും പുതുക്കി പണിയേണ്ട ആവശ്യം വരികയും ചെയ്തു.
വീണ്ടെടുപ്പിന് പാകമായത്! 80-ാം സങ്കീർത്തനത്തിലെ ദൈവജനത്തിന്റെ അവസ്ഥയും ആവർത്തിച്ചുള്ള പ്രാർത്ഥനയും ഇങ്ങനെയായിരുന്നു: “ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.” (വാക്യം 3; വാക്യം 7, 19 കാണുക). അവരുടെ ചരിത്രത്തിൽ മിസ്രയീമിൽ നിന്നുള്ള വിടുതലും, സമൃദ്ധമായ ഒരു രാജ്യത്ത് നട്ടുപിടിപ്പിച്ചതും ഉൾപ്പെടുന്നുവെങ്കിലും (വാ. 8-11), നല്ല സമയങ്ങൾ കഴിഞ്ഞുപോയി. കലാപം നിമിത്തം അവർ ദൈവത്തിന്റെ ന്യായവിധി അനുഭവിക്കുകയായിരുന്നു (വാ. 12-13). അതിനാൽ, അവരുടെ അപേക്ഷ: “സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരേണമേ; ....ഈ മുന്തിരിവള്ളിയെ സന്ദർശിക്കേണമേ! ” (വി. 14).
നിങ്ങൾക്ക് ദൈവത്തിൽ നിന്ന് അകന്നതായി തോന്നുന്നുണ്ടോ? ആത്മീയ സന്തോഷം നഷ്ടപ്പെട്ടു പോയിട്ടുണ്ടോ? യേശുവിനോട് ചേർന്ന് നടക്കാത്തതുകൊണ്ടാണോ അത്? യഥാസ്ഥാനപ്പെടുന്നതിന് വേണ്ടിയുള്ള നമ്മുടെ പ്രാർത്ഥനകൾ ദൈവം കേൾക്കുന്നു (വാ. 1). ദൈവത്തോട് ചോദിക്കുവാൻ നിങ്ങൾക്ക് എന്താണ് തടസ്സം?
മൂര് എന്നതിന്റെ അർത്ഥം
വിജാതീയരായ വിദ്വാന്മാർ ശിശുവായ യേശുവിനെ സന്ദർശിച്ചപ്പോൾ, "ഞങ്ങൾ മൂന്ന് പൗരസ്ത്യ രാജാക്കന്മാർ" എന്ന കരോൾ ഗാനത്തിൽ വിവരിച്ച സംഭവത്തെ അനുസ്മരിക്കുന്ന ദിനമാണ് ഇന്ന്, വെളിപാടുപെരുന്നാൾ. എന്നാൽ, അവർ രാജാക്കൻമാരായിരുന്നില്ല, അവർ പൗരസ്ത്യ രാജ്യങ്ങളിൽ നിന്നുള്ളവരുമായിരുന്നില്ല. അവർ മൂന്ന് പേർ ഉണ്ടായിരുന്നു എന്ന് ഉറപ്പില്ല.
എന്നിരുന്നാലും, മൂന്ന് സമ്മാനങ്ങൾ ഉണ്ടായിരുന്നു, കരോൾ ഗാനത്തിൽ ഓരോന്നും പരിഗണിക്കുന്നു. വിദ്വാന്മാർ ബെത്ലഹേമിൽ എത്തിയപ്പോൾ, "നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു." (മത്തായി 2:11). സമ്മാനങ്ങൾ യേശുവിന്റെ ദൗത്യത്തെ സൂചിപ്പിക്കുന്നു. സ്വർണ്ണം രാജാവെന്ന നിലയിൽ അവന്റെ സ്ഥാനത്തെ പ്രതിനിധീകരിക്കുന്നു. വിശുദ്ധ മന്ദിരത്തിൽ കത്തിക്കുന്ന ധൂപവർഗ്ഗവുമായി കലർത്തുന്ന കുന്തുരുക്കം അവന്റെ ദൈവത്വത്തെ കുറിച്ചാണ് സംസാരിക്കുന്നത്. മൃതശരീരങ്ങൾ ലേപനം ചെയ്യാൻ ഉപയോഗിക്കുന്ന മൂര് നമ്മെ ചിന്തിപ്പിക്കുന്നു.
കരോളിന്റെ നാലാമത്തെ വാക്യം പറയുന്നു, “മൂര് എന്റേതാണ്; അതിന്റെ കയ്പേറിയ ഗന്ധം / ശോകമുള്ള ഒരു ജീവിതഗന്ധം; / ദുഃഖം, നെടുവീർപ്പ്, രക്തച്ചൊരിച്ചിൽ, മൃത്യു, / തണുത്ത കല്ലറയിൽ അടക്കപ്പെട്ടു." നാം അത്തരമൊരു രംഗം കഥയിൽ എഴുതുകയില്ല, പക്ഷേ ദൈവം എഴുതി. യേശുവിന്റെ മരണം നമ്മുടെ രക്ഷയുടെ കേന്ദ്രബിന്ദുവാണ്. ശിശുവായിരിക്കുമ്പോൾ തന്നെ യേശുവിനെ കൊല്ലാൻ ഹെരോദാവ് ശ്രമിച്ചതാണ്. (വാക്യം 13).
കരോളിന്റെ അവസാന വാക്യത്തിൽ മൂന്ന് വിഷയങ്ങൾ ഇഴചേർത്തിരിക്കുന്നു: “മഹത്വമുള്ളവൻ ഇതാ, അവൻ എഴുന്നേൽക്കുന്നു; / രാജാവും ദൈവവും ത്യാഗവും." ഇത് ക്രിസ്തുമസിന്റെ കഥ പൂർത്തീകരിക്കുന്നു; നാം പ്രതിഗാനം പാടുന്നു: "അല്ലേലൂയ, അല്ലേലൂയ, / ഭൂമിയിലും ആകാശത്തിലും മുഴങ്ങുന്നു."
ദൈവം നാല്ക്കവലയിൽ
അസുഖം ബാധിച്ച്, പനി കൂടിയപ്പോൾ എന്റെ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടു, പക്ഷേ ഡിസ്ചാർജ് ചെയ്യാൻ പറ്റിയ ആരോഗ്യം ഇല്ലായിരുന്നു. ഞാൻ എന്റെ ഭർത്താവിനൊപ്പം താമസിക്കണമോ, എന്റെ ഒരു പ്രധാന ഔദ്യോഗിക യാത്ര പൂർത്തിയാക്കണമോ എന്നുള്ള ആശയക്കുഴപ്പത്തിലായി. കുഴപ്പം ഒന്നും ഉണ്ടാകുകയില്ലെന്ന് എന്റെ ഭർത്താവ് എനിക്ക് ഉറപ്പ് നൽകി. പക്ഷെ ഞാൻ എന്തുചെയ്യണമെന്ന് അറിയാതെ വിഷമിച്ചു.
ജീവിത്തിലെ തീരുമാനങ്ങളുടെ വഴിത്തിരിവിൽ ദൈവജനത്തിന് അവന്റെ സഹായം ആവശ്യമായിരുന്നു. മിക്കപ്പോഴും, അവർ ദൈവം വെളിപ്പെടുത്തിയ നിർദ്ദേശങ്ങൾ പാലിച്ചിരുന്നില്ല. അതുകൊണ്ട് തന്റെ കൽപ്പനകൾ പാലിച്ചുകൊണ്ട് "ജീവനെ തിരഞ്ഞെടുത്തുകൊൾക;" എന്ന് മോശെ ജനങ്ങളോട് അഭ്യർത്ഥിച്ചു (ആവർത്തനം 30:20). പിന്നീട്, യിരേമ്യാ പ്രവാചകൻ ദൈവത്തിന്റെ വഴിപിഴച്ച ആളുകൾക്ക് മാർഗ്ഗനിർദേശത്തിന്റെ വാക്കുകൾ നൽകി, അവന്റെ വഴികൾ പിന്തുടരാൻ അവരെ പ്രേരിപ്പിച്ചു: “നിങ്ങൾ വഴികളിൽ ചെന്നു നല്ലവഴി ഏതെന്നു പഴയ പാതകളെ നോക്കി ചോദിച്ചു അതിൽ നടപ്പിൻ;" (യിരേമ്യാ 6:16). തിരുവെഴുത്തുകളുടെ പുരാതന വഴികളും, ദൈവത്തിന്റെ മുൻകാല കരുതലും നമ്മെ നയിക്കും.
റോഡിലെ ഒരു നാൽക്കവലയിൽ ഞാൻ നിൽക്കുന്നതായി സങ്കൽപ്പിച്ച്, യിരേമ്യാവ് പറഞ്ഞ ജ്ഞാനം പ്രയോഗിച്ചു. എന്റെ ഭർത്താവിന് എന്റെ സഹായം ആവശ്യമായിരുന്നു. എന്റെ ജോലിസ്ഥലത്തും എന്റെ സാന്നിധ്യം ആവശ്യമായിരുന്നു. അപ്പോൾ തന്നെ, എന്റെ സൂപ്പർവൈസർ എന്നെ വിളിച്ച് ഭർത്താവിന്റെ കൂടെയിരിക്കാൻ പ്രോത്സാഹിപ്പിച്ചു. ഞാൻ നെടുവീര്പ്പിട്ട്, പ്രതിസന്ധിയിൽ ദൈവം നൽകിയ കരുതലിന് നന്ദി പറഞ്ഞു. ദൈവത്തിന്റെ നിർദ്ദേശം എല്ലായ്പ്പോഴും അത്ര വ്യക്തമായി വരുന്നില്ല, പക്ഷേ അത് വരുന്നു. നാം നാൽക്കവലയിൽ നിൽക്കുമ്പോൾ, ദൈവത്തെ അന്വേഷിക്കുമെന്ന് ഉറപ്പുവരുത്താം.
ക്രിസ്തുവിൽ ശാന്തമായ വിശ്വസ്തത
ഞാൻ ആദ്യം അവനെ ശ്രദ്ധിച്ചില്ല. ഞാൻ എന്റെ ഹോട്ടലിൽ പ്രഭാതഭക്ഷണത്തിനായി വന്നതാണ്. ഡൈനിംഗ് റൂമിലെ എല്ലാം വൃത്തിയുള്ളതായിരുന്നു. ബുഫെ മേശയും ഫ്രിഡ്ജും നിറഞ്ഞിരുന്നു. പാത്രങ്ങൾ എല്ലാം തയ്യാറായിരുന്നു. എല്ലാം നല്ലതായിരുന്നു.
അപ്പോൾ ഞാൻ അയാളെ കണ്ടു. ഞാനെന്ന ഭാവമില്ലാത്ത അയാൾ ചില പാത്രങ്ങൾ നിറച്ചു, ചിലത് തുടച്ചു. താൻ ആളാകാൻ അയാൾ ശ്രമിച്ചില്ല. പക്ഷേ, കൂടുതൽ നേരം ഇരിക്കുന്തോറും എന്റെ അത്ഭുതം വർദ്ധിച്ചുവന്നു. എല്ലാം ശ്രദ്ധിച്ചുകൊണ്ട്, ആർക്കെങ്കിലും എന്തെങ്കിലും കുറവുണ്ടാകുന്നതിന് മുമ്പ് എല്ലാം വീണ്ടും നിറച്ചുകൊണ്ട്, ആ മനുഷ്യൻ വളരെ വേഗത്തിൽ ജോലി ചെയ്തുകൊണ്ടിരുന്നു. ഭക്ഷ്യസേവന രംഗത്തെ വിദഗ്ദ്ധനായ ഞാൻ, ഓരോ കാര്യങ്ങളും അയാൾ സൂക്ഷമയോടെ ചെയ്യുന്നത് ശ്രദ്ധിച്ചു. ആരും ശ്രദ്ധിച്ചില്ലെങ്കിൽ പോലും ആ മനുഷ്യൻ വിശ്വസ്തതയോടെ പ്രവർത്തിക്കുന്നതിനാൽ അവിടെ ഒന്നിനും കുറവുണ്ടായിരുന്നില്ല.
ആ മനുഷ്യൻ വളരെ ശ്രദ്ധയോടെ പ്രവർത്തിക്കുന്നത് കണ്ടപ്പോൾ, തെസ്സലോനിക്യർക്കുള്ള പൗലോസിന്റെ വാക്കുകൾ ഞാൻ ഓർത്തു: “പുറത്തുള്ളവരോടു മര്യാദയായി നടപ്പാനും ഒന്നിന്നും മുട്ടില്ലാതിരിപ്പാനും വേണ്ടി ഞങ്ങൾ നിങ്ങളോടു ആജ്ഞാപിച്ചതുപോലെ അടങ്ങിപ്പാർപ്പാനും സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേല ചെയ്വാനും അഭിമാനം തോന്നേണം എന്നും നിങ്ങളെ പ്രബോധിപ്പിക്കുന്നു.." (1 തെസ്സലൊനീക്യർ 4:11-12). വിശ്വസ്തനായ ഒരു തൊഴിലാളിക്ക് മറ്റുള്ളവരുടെ ബഹുമാനം എങ്ങനെ നേടാനാകുമെന്ന് പൗലോസിന് മനസ്സിലായി. ചെറിയ സേവനങ്ങൾ പോലും, അന്തസ്സോടെയും ഉത്സാഹത്തോടെയും ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുവാൻ സുവിശേഷത്തിന് എങ്ങനെ സാധിക്കും എന്നത് പൗലോസ് സാക്ഷ്യപ്പെടുത്തുന്നു.
അന്ന് ഞാൻ കണ്ട മനുഷ്യൻ യേശുവിൽ വിശ്വസിച്ചിരുന്നോ എന്ന് എനിക്കറിയില്ല. പക്ഷെ, ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് വിശ്വസ്തതയോടെ ജീവിക്കുവാൻ അയാളുടെ പ്രവർത്തനം എന്നെ പ്രേരിപ്പിച്ചു. അതിന് ഞാൻ നന്ദിയുള്ളവനാണ്.
പ്രത്യാശ കണ്ടെത്തുന്നു
പവിഴപ്പുറ്റുകളുടെ ശോഷണം നേരിട്ടു കണ്ടിട്ടുള്ള സമുദ്രശാസ്ത്രജ്ഞയാണ് സിൽവിയ എർലെ. ആഗോള "പ്രത്യാശാ ബിന്ദുക്കളുടെ" വികസനത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു സംഘടനയായ 'മിഷൻ ബ്ലൂ' അവർ സ്ഥാപിച്ചു. ലോകമെമ്പാടുമുള്ള പവിഴപ്പുറ്റുകൾ "സമുദ്രത്തിന്റെ ആരോഗ്യത്തിന് നിർണായകമാണ്", അത് ഭൂമിയിലെ നമ്മുടെ ജീവിതത്തെ ബാധിക്കുന്നു. ഈ പ്രദേശങ്ങളുടെ മനഃപൂർവമായ പരിചരണത്തിലൂടെ, വെള്ളത്തിനടിയിലുള്ള ജീവസമൂഹങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കപ്പെടുന്നതും വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ജീവൻ സംരക്ഷിക്കപ്പെടുന്നതും ശാസ്ത്രജ്ഞർ കണ്ടു.
സങ്കീർത്തനം 33-ൽ, ദൈവം എല്ലാം വാക്കിനാൽ ഉളവാക്കുകയും താൻ സൃഷ്ടിച്ചതെല്ലാം ഉറച്ചുനിൽക്കുമെന്ന് ഉറപ്പാക്കുകയും ചെയ്തുവെന്ന് സങ്കീർത്തനക്കാരൻ അംഗീകരിക്കുന്നു. (വാ. 6-9). ദൈവം തലമുറകളുടെയും രാഷ്ട്രങ്ങളുടെയും മേൽ വാഴുമ്പോൾ (വാ. 11-19), അവൻ മാത്രം ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നു, ജീവൻ രക്ഷിക്കുന്നു, പ്രത്യാശ പുനരുജ്ജീവിപ്പിക്കുന്നു. എന്നിരുന്നാലും, ലോകത്തെയും അവൻ സൃഷ്ടിച്ച ആളുകളെയും പരിപാലിക്കുന്നതിൽ അവനോടൊപ്പം ചേരാൻ ദൈവം നമ്മെ ക്ഷണിക്കുന്നു.
മേഘാവൃതമായ ആകാശത്ത് മിന്നുന്ന മഴവില്ലും, പാറക്കെട്ടുകളിൽ പതിക്കുന്ന സമുദ്രത്തിലെ തിളങ്ങുന്ന തിരമാലകളും കണ്ട് ഓരോ തവണയും നാം ദൈവത്തെ സ്തുതിക്കുമ്പോൾ, അവനിൽ "നമ്മുടെ പ്രത്യാശ" വച്ചുകൊണ്ട് നമുക്ക് അവന്റെ "അചഞ്ചലമായ സ്നേഹവും" സാന്നിധ്യവും പ്രഖ്യാപിക്കാം. (വാ. 22).
ലോകത്തിന്റെ നിലവിലെ അവസ്ഥ കണ്ട് നാം നിരുത്സാഹപ്പെടുമ്പോൾ, നമുക്ക് ഒരു മാറ്റവും വരുത്താൻ കഴിയില്ലെന്ന് നാം വിശ്വസിക്കാൻ തുടങ്ങിയേക്കാം. എന്നിരുന്നാലും, ദൈവത്തിന്റെ സന്നദ്ധ സേവകരരെന്ന നിലയിൽ നാം നമ്മുടെ പങ്ക് നിർവഹിക്കുമ്പോൾ, സ്രഷ്ടാവ് എന്ന നിലയിൽ അവനെ ബഹുമാനിക്കാനും, മറ്റുള്ളവർ യേശുവിൽ പ്രത്യാശ കണ്ടെത്താൻ അവരെ സഹായിക്കാനും കഴിയും.